ഇഎംഎസ്‌

അക്കാദമി

അഡ്‌മിഷന്‍
രജിസ്റ്റര്‍ ചെയ്യുക
ഭാഷകള്‍
ENGLISH‌ മലയാളം

ഞങ്ങളെ കുറിച്ച്‌

മാർക്സിസ്റ്റ്    താത്വികാചാര്യനും ഉറച്ച കമ്മ്യൂണിസ്റ്റ് നേതാവുമായ സ. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ഓർമ്മയ്ക്കായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ് ) കേരള സംസ്ഥാന കമ്മിറ്റി സ്ഥാപിച്ച പഠന ഗവേഷണ സ്ഥാപനമാണ് ഇ എം എസ്  അക്കാദമി .

കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സംസ്കാരിക മണ്ഡലങ്ങളിൽ ചരിത്രം സൃഷ്ടിച്ച സ. ഇ എം എസ് (1909 ജൂൺ 13 -1998 മാർച്ച് 19) അന്തരിച്ചപ്പോൾ ഉചിതമായ സ്മാരകത്തെ സംബന്ധിച്ച് സിപിഐ (എം) ആലോചിക്കുകയും ഇ എം എസ്  അക്കാദമി ട്രസ്റ്റ് രൂപീകരിക്കുകയും ചെയ്തു. പൊതു ജനങ്ങളുടെ നിർലോഭമായ  സഹായ സഹകരണം ഉണ്ടായി .

തിരുവനന്തപുരം വിളപ്പിൽശാലയിൽ ഇ എം എസ് അക്കാദമി ട്രസ്റ്റ് വാങ്ങിയ ഭൂമിയിൽ 1999  മാർച്ച് 19ന് സ്മാരക മന്ദിരനിർമ്മാണത്തിന് സിപിഐ(എം) ജനറൽ സെക്രട്ടറി സ. ഹർകിഷൻ സിങ് സുർജിത് തറക്കല്ലിടുകയും 2001 മാർച്ച് 19 ന്  മന്ദിരത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും ചെയ്തു.

പാർട്ടി കേഡർമാർക്  സംഘടനാ കാര്യങ്ങളിൽ തുടർച്ചയായി വിദ്യാഭ്യാസം നൽകുന്ന പാർട്ടി സ്കൂളായി അക്കാദമി ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. കൂടാതെ, വർഗ ബഹുജന സംഘടനകളുടെ പഠനക്യാമ്പുകളും നടത്തുന്നു. അതോടൊപ്പം ജില്ലാ തലത്തിലും താഴെയും പാർട്ടി വിദ്യാഭ്യാസം നൽകുന്ന അദ്ധ്യാപകർക്കുള്ള പരിശീലനവും ഇവിടെ നടക്കാറുണ്ട് .

സമകാലീന ഇന്ത്യയെ സംബന്ധിച്ച് മാർക്സിസം - ലെനിനിസം കാഴ്ചപ്പാടിൽ പഠിക്കാൻ താല്പര്യമുള്ള ആർക്കും ചേരാവുന്ന ഒരു വർഷം നീണ്ടു നിന്ന  കോഴ്സ് ഫലപ്രദമായി നടത്തുകയുണ്ടായി. 2017 മേയ് 6 ന് സി പി ഐ (എം) ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്ത പ്രസ്തുത കോഴ്സ്  2018 മാർച്ച് 11 നു സിപി ഐ (എം )പോളിറ്റ്  ബ്യൂറോ അംഗം സ. പ്രകാശ് കാരാട്ടിന്റെ ക്ലാസ്സോടുകൂടി സമാപിച്ചു.

സമകാലീന വിഷയങ്ങളെ സംബന്ധിച്ചും  മാർക്സിസത്തെ സംബന്ധിച്ചും ഗഹനമായ പഠനങ്ങൾക്കായുള്ള, ഏതാനും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ശില്പശാലകളും  സംഘടിപ്പിക്കാറുണ്ട്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം വിശദമായ പഠനങ്ങൾ നടത്തി എഴുതി    പ്രസിദ്ധീകരിക്കുന്നതിനുള്ള സംസ്ഥാന കേന്ദ്രമായി ഇഎംഎസ് അക്കാദമിയെയാണ് പാർട്ടി നിശ്ചയിച്ചിരിക്കുന്നത്. അതിന്റെ പ്രവർത്തനങ്ങളും പുരോഗതിയിലാണ്.

ഇത്തരത്തിലുള്ള പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ഉപയുക്തമായ ഒരു ലൈബ്രറി അക്കാദമിയിൽ പ്രവർത്തിച്ചുവരുന്നുണ്ട്.  കേരളത്തിനകത്തു നിന്ന് മാത്രമല്ല ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും ഗവേഷകർ  ഈ ലൈബ്രറി സന്ദർശിച്ചു പ്രയോജനപ്പെടുത്താറുണ്ട്.

അക്കാദമിയിലെ പഠന ക്യാമ്പിൽ പങ്കെടുക്കുന്ന മുന്നൂറ്റിയമ്പതോളം പഠിതാക്കൾക്ക് താമസിക്കാനുള്ള ഹോസ്റ്റൽ സൗകര്യം ഇവിടുണ്ട്.  അദ്ധ്യാപകർക്ക് താമസിക്കാനുള്ള  ഫാക്കൽറ്റി ഗസ്റ്റ് ഹൗസും ഉണ്ട്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണം തയ്യാറാക്കി നല്കുന്നതിനുള്ള കാന്റീനും പ്രവർത്തിക്കുന്നു.

ഇഎംഎസ്  അക്കാദമി  ക്യാംപസ്  പ്രകൃതി സൗഹൃദമാണ്. സംയോജിത കൃഷി രീതി ഇവിടെ അവലംബിക്കുന്നു. ജൈവകൃഷി രീതിക്കു മാതൃകയാണിവിടം. പോളി ഹൗസും ഉപയോഗിക്കുന്നുണ്ട്. പശു, താറാവ്, മൽസ്യം എന്നിവയെല്ലാം സംയോജിത കൃഷിയുടെ  ഭാഗമായികഴിഞ്ഞു. ഔഷധ സസ്യത്തോട്ടം,  ജൈവവൈവിധ്യ ഉദ്യാനം എന്നിവയെല്ലാം ക്യാമ്പസിന്റെ ഭാഗമാണ്.

വാര്‍ത്തകള്‍


അന്വേഷണങ്ങള്‍ക്ക്‌

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഇവിടെ ക്ലിക്ക്‌ ചെയ്യൂ